09 May 2024 Thursday

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബ ബാധിച്ച് 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ckmnews


ആലപ്പുഴ: അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് വിവരം.


കുട്ടിക്ക് കഴിഞ്ഞ മാസം 29 -നാണ് പനി പിടിച്ചത്. ഇതിനെ തുടർന്ന് പ്രൈവറ്റ് ആശുപതിയിൽ നിന്ന് ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച തലവേദന ഛർദി, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ലെറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസ്സിൽ എത്തി തലച്ചോറിൽ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഗുരുദത്തിന്റെ സംസ്കാരം ഇന്നു 12ന് നടന്നു. സഹോദരി: കാർത്തിക

ഇത് ആദ്യമായല്ല കേരളത്തിൽ ഈ രോഗം റിപ്പോർട്ട് ചെയുന്നത്. ഇതിനു മുൻപ് 2016 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി തിരുമല വാർഡില്‍ 16 വയസ്സുളള കുട്ടി ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.