09 May 2024 Thursday

കരിന്തളം വ്യാജ സർട്ടിഫിക്കറ്റ് കേസിലും ജാമ്യം; തനിക്കെതിരെ മാധ്യമ-രാഷ്ട്രീയ അജണ്ടയെന്ന് കെ. വിദ്യ

ckmnews


കാസര്‍കോട്: കരിന്തളം ഗവ. കോളജിൽ അധ്യാപക ജോലി ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ. വിദ്യയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ആഴ്ചയും ബുധൻ, ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ അഗളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് കോടതിയും വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു.ഇന്നലെ ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പൊലീസ് ഹാജരാക്കിയ രേഖകളും റിപ്പോർട്ടും വിശദമായി പരിശോധിക്കേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കരിന്തളം ഗവ. കോളേജിൽ കഴിഞ്ഞ അധ്യയന വർഷം വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവിടെ ജോലി ചെയ്തതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ .ഒരു മാസ കാലമായി താനും കുടുംബവും നേരിട്ടത് വലിയ മാനസിക പ്രയാസം ആണെന്ന് വ്യാജരേഖ കേസ് പ്രതി കെ വിദ്യ പറഞ്ഞു.ഇത് ശരിയാണോ എന്ന് മാധ്യമങ്ങൾ പുനരാലോചന നടത്തണം.തനിക്കെതിരെ മാധ്യമ രാഷ്ട്രീയ അജണ്ടയാണ് നടന്നതെന്നും വിദ്യ പറഞ്ഞു