09 May 2024 Thursday

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി അയാളുടെ ബൈക്കുമായി മുങ്ങിയ യുവാവ് പിടിയിൽ

ckmnews

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി അയാളുടെ ബൈക്കുമായി മുങ്ങിയ യുവാവ് പിടിയിൽ


കൊച്ചി: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി അയാളുടെ ബൈക്കുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. എറണാകുളം തമ്മനം എകെജി നഗർ സ്വദേശിയും നിലവിൽ ഫോർട്ട് കൊച്ചി ലാസർ ലൈൻ കരുവേലി ഹൗസിൽ താമസിക്കുന്ന വിഷ്ണു രാജേഷ് (25) ആണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. ഈ മാസം 24ന് പുലർച്ചെ മൂന്നര മണിയോടെ ആണ് സംഭവം.


എറണാകുളം ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്ന പരാതിക്കാരൻ തമ്മനത്ത് വച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തില്‍ ബൈക്ക് കാലിന് മുകളിൽ വീണ് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്ന ഇയാൾ. ഈ സമയം ഇതിലൂടെ വന്ന വിഷ്ണു സഹായിച്ച് ആ ബൈക്കിൽ തന്നെ കയറ്റി എറണാകുളം സർക്കാര്‍ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് ഡോക്ടർ പരിശോധിക്കുന്ന സമയം പ്രതിയായ വിഷ്ണു പരാതിക്കാരന്റെ വാഹനവുമായി കടന്നു കളയുകയായിരുന്നു.

ബൈക്ക് മോഷണം പോയ വിവരം മനസ്സിലാക്കിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആണ് ബൈക്ക് മോഷ്ടാവ് പല കേസുകളിലും പ്രതിയായ വിഷ്ണു ആണെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്തിലുള്ള പ്രിൻസിപ്പൽ എസ്ഐമാരായ അഖിൽ കെ പി, അനൂപ് സി, ഹാരിസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിജേഷ്, ഷിഹാബ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.