09 May 2024 Thursday

എന്റെ മുതലാളി വന്നു...’; പാലാ സ്റ്റേഷനിലെ നായക്കുട്ടിയെ തേടി ഉടമയെത്തി, മടക്കം 2 ദിവസത്തിനുശേഷം

ckmnews


രണ്ട് ദിവസം പാലാ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞിരുന്ന നായക്കുട്ടിയെ കൊണ്ടുപോകാൻ ഉടമസ്ഥൻ എത്തി. ചേർപ്പുങ്കൽ സ്വദേശി അരുണിന്റേതാണ് ബീഗിൾ ഇനത്തിൽപ്പെട്ട നായ. ഉടമയെ കാത്തിരിക്കുന്ന നായയുടെ വിവരങ്ങൾ കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇത് കണ്ടാണ് ബുധനാഴ്ച വൈകീട്ടോടെ ഉടമ സ്റ്റേഷനിൽ എത്തിയത്. നായക്കുട്ടിയുടെ ഉടമയെന്ന് പറഞ്ഞ് നിരവധിപ്പേർ സ്റ്റേഷനിൽ വിളിച്ചതിനാൽ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് നായയെ ഇവർക്ക് കൈമാറിയത്.


രണ്ട് ദിവസം പൊലീസുകാരുടെ സംരക്ഷണത്തിൽ സ്റ്റേഷനിൽ തന്നെയായിരുന്നു നായക്കുട്ടി. കൃത്യമായി ഭക്ഷണം നൽകി. സ്റ്റേഷനുപിറകിൽ സൗകര്യമുള്ളതിനാൽ രാത്രിയിൽ അവിടെ കെട്ടിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിമാളു എന്നാണ് നായക്കുട്ടിക്ക് പൊലീസ് നൽകിയ പേര്.

തിങ്കളാഴ്ച പുലർച്ചെ പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ പട്ടിയെ രണ്ട് ചെറുപ്പക്കാരാണ് സ്റ്റേഷനിൽ എത്തിച്ചത്. പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഉടമ എത്തിയില്ല. തുടർന്ന് കേരള പൊലീസ് തങ്ങളുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ നായയുടെ ചിത്രം സഹിതം കുറിപ്പിട്ടു. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് നായക്കുട്ടിയെ കൈമാറുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഒപ്പം പാലാ പൊലീസ് സ്റ്റേഷന്റെ ഫോൺ നമ്പറും നൽകിയിരുന്നു.