09 May 2024 Thursday

പേരു പറയില്ല; വിഷു ബംപർ അടിച്ച ഭാഗ്യവാനും ‘അജ്ഞാതൻ’,അക്കൗണ്ടിൽ ലഭിച്ചത് 7.56 കോടി രൂപ!

ckmnews

പേരു പറയില്ല; വിഷു ബംപർ അടിച്ച ഭാഗ്യവാനും ‘അജ്ഞാതൻ’,അക്കൗണ്ടിൽ ലഭിച്ചത് 7.56 കോടി രൂപ!


തിരുവനന്തപുരം∙ ‌12 കോടി രൂപ ഒന്നാം സമ്മാനമുള്ള ഈ വർഷത്തെ വിഷു ബംപര്‍ അടിച്ചത് കോഴിക്കോട് സ്വദേശിക്കെന്ന് വെളിപ്പെടുത്തൽ. ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 7.56 കോടി രൂപ ബംപറടിച്ചയാള്‍ക്ക് ലഭിച്ചു. അതേസമയം, തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ലോട്ടറി വകുപ്പ് ഭാഗ്യവാന്റെ പേര് പരസ്യമാക്കില്ല. വ്യക്തിവിവരങ്ങൾ പുറത്തു വന്നാലുണ്ടാകാനിടയുള്ള പൊല്ലാപ്പ് ഓർത്താണ് വിജയി പേരു വിവരം വെളിപ്പെടുത്താത്തതെന്നാണ് സൂചന. 


കൃത്യം ഒരു മാസം മുൻപായിരുന്നു വിഷു ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ്. മലപ്പുറം ചെമ്മാട് ബസ് സ്റ്റാൻഡിൽ നിന്നാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന് കണ്ടെത്തിയിരുന്നു. വിജയിക്കായി അന്വഷണം തുടരുന്നതിനിടെ, നറുക്കെടുപ്പിന്റെ 15–ാം നാൾ ഭാഗ്യവാനായ വ്യക്തി ബാങ്ക് വഴി ലോട്ടറി വകുപ്പിനെ സമീപിക്കുകയായിരുന്നു.



കോഴിക്കോട് സ്വദേശിയായ ഒരു സാധാരണക്കാരനാണ് ഭാഗ്യവാൻ. യാത്രയ്‌ക്കിടെയാണ് ചെമ്മാട് ബസ് സ്റ്റാൻഡിൽനിന്ന് ടിക്കറ്റെടുത്തത്. വിജയിക്കുള്ള 7.56 കോടി രൂപ ഇക്കഴിഞ്ഞ വ്യാഴാഴ്ച ലോട്ടറി വകുപ്പ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിലിട്ടു നൽകി. തന്റെ പേരുവിവരം വെളിപ്പെടുത്തരുതെന്ന നിബന്ധന ലോട്ടറിയടിച്ച വ്യക്തി മുന്നോട്ടുവച്ചു. സ്വകാര്യത മാനിച്ച് വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് ലോട്ടറി വകുപ്പും വ്യക്തമാക്കി.


25 കോടി രൂപയുടെ തിരുവോണം ബംപർ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന്റെ അനുഭവവും വിഷു ബംപർ വിജയിയെ അജ്ഞാതനായി തുടരാൻ പ്രേരിപ്പിച്ചെന്നാണ് വിവരം. ലോട്ടറിയടിച്ചതറിഞ്ഞ് സഹായം അഭ്യർഥിച്ചെത്തുന്നവരുടെ ശല്യം നിമിത്തം അനൂപിന് ഏറെ നാൾ വീട്ടിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. അനൂപിന്റെ അനുഭവത്തിൽനിന്നു പാഠം ഉൾക്കൊണ്ട് തുടർന്നു വന്ന ബംപർ വിജയികളെല്ലാം പേരുവിവരം രഹസ്യമാക്കി വയ്ക്കുന്നത് തുടർക്കഥയാവുകയാണ്.