09 May 2024 Thursday

വിവാദ യൂട്യൂബർ തൊപ്പിയെ സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു; ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണം

ckmnews


കണ്ണൂർ: വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ് ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തത്. അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.


നേരത്തെ വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണമെന്നാണ് നിർദേശം. എറണാകുളത്തെ സുഹൃത്തിൻറെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിൽ എടുത്തത്. നിഹാദിന്റെ പക്കൽ അശ്ലീല വീഡിയോ ഉണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ലാപ്പ് ടോപ്പിലെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് വാതിൽ ചവിട്ടി പൊളിച്ചതെന്നും പൊലീസ് പറയുന്നു.

തൊപ്പിയുടെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൈബര്‍ പൊലീസ് വിശദപരിശോധനകള്‍ നടത്തിയശേഷം കോടതിക്ക് കൈമാറും.


വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞ്ഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത് എന്നും പോലീസ് പറഞ്ഞു. . ഇതോടെയാണ് എറണാകുളത്ത് പോയി പെട്ടെന്ന് കസ്റ്റഡിയിലെടുത്തത്.