09 May 2024 Thursday

1000 ആയുഷ് യോഗ ക്ലബ്ബുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിക്കും

ckmnews


1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 7.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

യോഗയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും.


എല്ലാ ജില്ലകളിലും യോഗ ദിനാചരണത്തിന്റെ ഭാഗമായി സമൂഹ യോഗ പരിശീലനപരിപാടി ഒരുക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള യോഗ പരിശീലനവും കൗണ്‍സിലിംഗും യോഗ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു. ഇതുകൂടാതെ ജില്ലകളില്‍ മാസ് യോഗ പരിപാടികള്‍, തീരദേശ മേഖലയിലെ യോഗ പരിപാടി, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുളള യോഗ പരിശീലനം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള പരിശീലന പരിപാടി, എംഎല്‍എസ്പി മാര്‍ക്കുള്ള യോഗ പരിശീലനം, എന്‍എച്ച്എം-മായി സഹകരിച്ചുള്ള യോഗ പരിശീലന പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.