09 May 2024 Thursday

വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

ckmnews


കൊച്ചി: വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനാല് ദിവസമായി വിദ്യ ഒളിവിലാണ്. 


അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കലിംഗ സർവകലാശാല. നിഖിലിന്‍റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കേരളസർവകലാശാലയുടെ ഔദ്യോഗിക കത്തിന് മറുപടി നൽകുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി. നിഖിൽ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്നായിരുന്നു സർവ്വകലാശാല അധികൃതരുടെ വെളിപ്പെടുത്തൽ. അതിനാൽ നിഖിലിന്‍റെ വിവരങ്ങള്‍ സര്‍വകാലാശാലക്ക് അറിയില്ല, ഈ സാഹചര്യത്തിൽ വിലാസം അടക്കം വിശദാംശങ്ങളാണ് സർലകലാശാല ലീഗിൽ സെൽ ശേഖരിക്കുന്നത്. നിയമനടപടിയുടെ ഭാഗമായി അഭിഭാഷകരുമായി കൂടികാഴ്ച്ച നടത്തിയെന്ന് സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി

വ്യാജസര്‍ട്ടിഫിക്കേറ്റ് വിവാദത്തില്‍ ഏത് അന്വേഷണത്തോടും സഹകരിക്കാമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും സര്‍വകലാശാലയുടെ പേരില്‍ വ്യാജസര്‍ട്ട്ഫിക്കേറ്റ് ഇറങ്ങിയതായി ശ്രദ്ധയില്‍ പെട്ടിരുന്നെന്നും പരാതി നല്‍കിയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തിൽ നേരിട്ടോ അല്ലാതെയോ സര്‍വകലാശാലക്ക് പഠനകേന്ദ്രങ്ങളില്ല. കേരളത്തിലെ അന്വേഷണത്തിന് പുറമേ നിഖിലിന്റെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിലും പരാതി എത്തുന്നതോടെ വിവാദം കൂടുതല്‍ മുറുകുകയാണ്