09 May 2024 Thursday

ശക്തികുറഞ്ഞ് ബിപോർജേ‍ായ്;കേരളത്തിൽ വരുംദിവസങ്ങളിൽ കാലവർഷം സജീവമാകും

ckmnews

ശക്തികുറഞ്ഞ് ബിപോർജേ‍ായ്;കേരളത്തിൽ വരുംദിവസങ്ങളിൽ കാലവർഷം സജീവമാകും


പാലക്കാട് ∙ ഗുജറാത്ത്, രാജസ്ഥാൻ മേഖലയിൽ കരതെ‍ാട്ട ബിപോർജേ‍ായ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ചുഴലി കരതെ‍ാട്ട് ശക്തി ഇല്ലാതാകുന്നതേ‍ാടെ, അതിന്റെ പിടിയിൽപ്പെട്ട കാലവർഷക്കാറ്റ് കേ‍രളത്തിൽ എപ്പേ‍ാൾ ശക്തമായി തിരിച്ചെത്തും എന്നതാണ് ഇനി അറിയേണ്ടത്. ചുഴലിയുടെ ശക്തി നന്നായി കുറയുന്നതിനെ‍ാപ്പം കാലവർഷം സ‍ജീവമാകുമെന്നാണു പ്രതീക്ഷയും നിരീക്ഷണവും. എന്നാൽ അത് എത്രകണ്ട് ശക്തമാകുമെന്നതിൽ കാലാവസ്ഥാ ശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണ്.


അനുകൂല ഘടകങ്ങൾ ഒത്തുവന്നാൽ അടുത്തദിവസം മഴ പെയ്തു തുടങ്ങുമെന്നാണ് ഇപ്പേ‍ാഴത്തെ പെ‍ാതുനിഗമനം. മഴക്കാറുകൾ രൂപപ്പെടുന്നുണ്ട്. അതിനാൽ, 18 മുതൽ രണ്ടാഴ്ച തുടർച്ചയായി മേ‍ാശമല്ലാത്ത മഴ ലഭിക്കുമെന്നുതന്നെ കണക്കുകൂട്ടുന്നു. സമുദ്രങ്ങളിൽ നിലവിൽ മർദങ്ങളെ‍ാന്നുമില്ലെങ്കിലും, സാധാരണരീതിയിൽതന്നെ കാലവർഷം ശക്തിപ്പെടാനാണ് സാധ്യത. പിന്നീട് വീണ്ടുമെ‍ാരു ഇടവേളക്കുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. കടലിൽ ന്യൂനമർദമുണ്ടായാൽ മഴ ശക്തമാകുമെന്ന രീതി കുറച്ചുവർഷമായി  കണ്ടുവരുന്നുണ്ട്. ഉഷ്ണജലപ്രവാഹമായ എൽനീനേ‍ായുടെ ശക്തമായ സ്വാധീനം കാലവർഷത്തെ കാര്യമായി സ്വാധീനിക്കുമെന്നാണ് നിഗമനം. ഇടവേളകൾക്കുശേഷം അതിശക്ത മഴകൾക്കുള്ള സാധ്യതയും വിദഗ്ധരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു.


ചക്രവാതം ശക്തമായ ന്യൂനമർദവും ചുഴലിയുമായി രൂപപ്പെട്ടതേ‍ാടെ മഴ ഏതാണ്ട് പിൻമാറി. പിന്നീട് ഇടിയും മിന്നലുമായി ഒറ്റപ്പെട്ട മഴകളാണ് ലഭിച്ചത്. ചുഴലി വലിച്ചെടുത്ത കാലവർഷക്കാറ്റ്, സാധാരണരീതിയിൽ വഴിതിരിഞ്ഞുപേ‍ാകാൻ സാധ്യതയില്ല. അത് മടങ്ങിയെത്തി പെയ്തു തീരുമെന്നാണ് വിലയിരുത്തൽ. 20 വരെ നല്ലമഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഭൗമമന്ത്രാലയം മുൻ സെക്രട്ടറിയും പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞനുമായ ഡേ‍ാ. എം.രാജീവൻ പറഞ്ഞു. മൺസൂൺകാലത്ത് അന്തരീക്ഷത്തിൽ സ്വാഭാവികമായി ഉരുത്തിരിയുന്ന ഘടകങ്ങൾ കാലവർഷക്കാറ്റിന്റെ  തിരിച്ചുവരവിന് വഴിയെ‍ാരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.