09 May 2024 Thursday

പി.വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതി; ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ckmnews



വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പി വി ശ്രീനിജിന്‍ എം എല്‍ എ നല്‍കിയ കേസില്‍ ഷാജന് മുന്‍കൂര്‍ ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.


നേരത്തെ പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനില്‍ക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് നിരാകരിച്ചാണ് ഷാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തള്ളിയത്. ഇനി ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ ഷാജന്‍ സ്‌കറിയയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല.


പി വി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു