09 May 2024 Thursday

സ്കൂട്ടറിൽനിന്ന് ചാലിൽ വീണ യുവതി ടിപ്പർ കയറി മരിച്ച സംഭവം; വകുപ്പുകൾ തമ്മിൽ തർക്കം

ckmnews

സ്കൂട്ടറിൽനിന്ന് ചാലിൽ വീണ യുവതി ടിപ്പർ കയറി മരിച്ച സംഭവം; വകുപ്പുകൾ തമ്മിൽ തർക്കം


പാലക്കാട് ∙ റോഡരികിലെ ചാലിൽ സ്കൂട്ടർ വീണു യാത്രക്കാരി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി പൊതുമരാമത്തുവകുപ്പും ജല അതോറിറ്റിയും തർക്കത്തിൽ. മംഗലം–ഗേ‍ാവിന്ദാപുരം പാതയ്ക്കു സമീപം ചാലിൽ വീണ സ്കൂട്ടറിൽനിന്നു തെറിച്ചുവീണ യാത്രക്കാരി രമ്യ (32) ടിപ്പർ കയറിയാണു മരിച്ചത്. സ്കൂട്ടർ ഓടിച്ച മണികണ്ഠനും പിന്നിലിരുന്ന രമ്യയും ഇരുവശങ്ങളിലേക്കായി വീഴുകയായിരുന്നു.


ജലജീവൻ മിഷൻ പദ്ധതിക്കു പൈപ്പിടാനാണു പാതയോടുചേർന്നു ചാലെടുത്തത്. പണി കഴി‍ഞ്ഞിട്ടും ഇതു മൂടിയില്ല. ജലഅതേ‍ാറിറ്റിക്കു നേ‍ാട്ടിസ് നൽകിയിരുന്നതായി പൊതുമരാമത്ത് അധികൃതർ അറിയിച്ചു. മാർച്ച് 31ന് അകം മൂടേണ്ടതായിരുന്നു. സംഭവത്തിൽ കലക്ടർ റിപ്പേ‍ാർട്ട് തേടി. പണി വൈകിയതു മൂലമുള്ള ദുരന്തത്തിന്റെ ഉത്തരവാദിത്തം ജല അതോറിറ്റിക്കാണെന്നു പൊതുമരാമത്തുകാർ പറയുന്നു.



ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ എലവഞ്ചേരി കരിങ്കുളത്തു വച്ചായിരുന്നു അപകടം. മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്തു നിന്നു കൊല്ലങ്കോടു ഭാഗത്തേയ്ക്കു പോകുകയായിരുന്നു. കരിങ്കുളത്തെ ദേശസാൽകൃത ബാങ്ക് ശാഖയുടെ മുൻവശത്തു വച്ചു റോഡിലെ താഴ്ചയിൽപ്പെട്ടു നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നു മണികണ്ഠൻ റോഡരികിലേക്കും ഭാര്യ രമ്യ റോഡിലേക്കും വീണു. ഈ വീഴ്ചയിൽ ടിപ്പറിന്റെ പിൻഭാഗത്തെ ടയർ കയറിയാണു മരണം സംഭവിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ധന്യലക്ഷ്മി, ശ്രീഹരി.