09 May 2024 Thursday

'ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേത്; നന്ദിനി പാലിന് ഗുണനിലവാരമില്ല'; മന്ത്രി ജെ ചിഞ്ചുറാണി

ckmnews


കർണാടകയിലെ പാൽ ബ്രാൻഡായ നന്ദിനി കേരളത്തിലും വില്പന നടത്തുന്നതിനെതിരെ ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. നന്ദിനി പാൽ കർണാടകയുടെ പാലാണ്. കർണാടക ഗവൺമെന്റാണ് നേതൃത്വം നൽകുന്നത്. അത്തരത്തിലുളള പാൽ മറ്റ് സംസ്ഥാനത്ത് എത്തുമ്പോൾ അതത് സംസ്ഥാനത്തിന്റെ അനുമതി വാങ്ങിക്കണമെന്നും അതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് ഏറ്റവും മികച്ച പാലാണെന്നും ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണ്. അന്യസംസ്ഥാന പാലിന് കൂടുതൽ ശ്രദ്ധ നൽകണം. അത്തരത്തിൽ എത്തുന്ന പാൽ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാൻ പാടില്ലയെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

അതേസമയം മിൽമയേക്കാൾ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.


കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിർത്തി കടന്നുള്ള പാൽ വിൽപന നന്ദിനി വർദ്ധിപ്പിച്ചത്. കൊച്ചിയിലും രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്‌ലറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്.