09 May 2024 Thursday

കരിപ്പൂരിൽ 80 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി അബുദാബിയിൽ നിന്നും മസ്കറ്റിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി എത്തിയ പൊന്നാനി സ്വദേശി അടക്കം രണ്ട് പേരാണ് പിടിയിലായത്

ckmnews



ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലു മായി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച   ഏകദേശം 80 ലക്ഷം രൂപ വില മതിക്കുന്ന 1.3 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടി.എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ മസ്കറ്റിൽനിന്നും എത്തിയ  മലപ്പുറം പൊന്നാനി സ്വദേശിയായ കോയലിന്റെ ബാദിഷ (38) നിന്നുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 1256  ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകൾ പിടിച്ചെടുത്തത്. എയർ അറേബ്യ എയർലൈൻസ്  വിമാനത്തിൽ അബുദാബിയിൽ  നിന്നും എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ മുഹമ്മദ്‌ അഹ്നാസിൽ (28) നിന്നും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 274 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ ഒരു പാക്കറ്റും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് സ്വർണക്കടത്തിനു കൂട്ടുനിന്നതെന്നാണ് ഉദ്യോഗസ്ഥരോട് പിടിയിലായവർ വ്യക്തമാക്കിയത്.അഹ്‌നാസിന് 15000 രൂപയും ബാദിഷക്ക് ടിക്കറ്റിനുപുറമേ 40000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി  ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.       ഈ വർഷം ജനുവരി ഒന്നുമുതൽ നാളിതുവരെ 149 കേസുകളിലായി ഏകദേശം 67 കോടി രൂപ വിലമതിക്കുന്ന 120 കിലോഗ്രാമോളം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ കസ്റ്റംസ്  ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.പിടികൂടിയ  141 യാത്രക്കാരിൽ ആറു പേർ സ്ത്രീകളാണ്.പിടികൂടിയ യാത്രക്കാരിൽ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ്. പിടികൂടിയ 149 കേസുകളിൽ 46 കേസുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലുമാ ആണ് പിടികൂടിയിട്ടുള്ളത്.സ്വർണം കടത്തുന്നവരെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ കസ്റ്റംസ്‍ പ്രതിഫലം നൽകുന്നുണ്ട് .വിവരം തരുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉദ്ധ്യോഗസ്ഥർ തീർത്തും രഹസ്യമായി സൂക്ഷിക്കും. 


14 കേസുകളിലായി  വീദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച ഏകദേശം 1.3 കോടി രൂപയുടെ വിദേശ കറൻസിയും ഈ കാലയളവിൽ എയർ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.