09 May 2024 Thursday

തട്ടിപ്പു കേസിൽ ഇഡി അറസ്റ്റിനു പിന്നാലെ നെഞ്ചുവേദന; തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി ആശുപത്രിയിൽ

ckmnews



ചെന്നൈ ∙ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ഒമൻഡുരാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വൻസുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചു. എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തും. തമിഴ്നാട് മന്ത്രിമാർ ബാലാജിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. 


അതേസമയം, മന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡിഎംകെ രംഗത്തെത്തി. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഡിഎംകെ ആരോപിച്ചു. അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് നിയമമന്ത്രി എസ്.രഘുപതിയും ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തിൽ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു. തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം 6 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.