09 May 2024 Thursday

പാലക്കാട്ട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; ആശുപത്രിക്കെതിരെ പരാതി

ckmnews


പാലക്കാട്∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്നു പരാതി. സ്വകാര്യ ആശുപത്രിക്കെതിരെയാണ് എടത്തറ സ്വദേശി ഷബാനയുടെ പരാതി. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോള്‍ പഞ്ഞിക്കെട്ട് പുറത്തുവന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


ഈ മാസം ഒൻപതിനാണ് ഷബാനയെ പ്രസവ ചികിത്സ‌യ്ക്കായി പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് 12 തീയതി ഷബാനയും കുഞ്ഞും ആശുപത്രി വിട്ടു. ഈ സമയത്തെല്ലാം തനിക്ക് കലശലായ വയറുവേദന ഉണ്ടായിരുന്നു എന്നാണ് ഷബാനയുടെ പരാതി

ഇന്നു രാവിലെ ശുചിമുറിയിൽ പോയപ്പോഴാണ് ഏതാണ്ട് 50 ഗ്രാം തൂക്കം വരുന്ന പഞ്ഞിക്കെട്ട് പുറത്തുവന്നത്. പ്രസവ ശസ്ത്രക്രിയാ സമയത്ത് ഡോക്ടർമാർ വയറ്റിനുള്ളിൽ മറന്നുവച്ചതാണ് ഈ പഞ്ഞിക്കെട്ടെന്നാണ് ഷബാനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും പൊലീസിനും ഷബാന പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.