09 May 2024 Thursday

വിദ്യയുടെ സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പും വ്യാജം; അന്വേഷണ സംഘം മഹാരാജാസ് കോളേജില്‍ തെളിവെടുപ്പ് നടത്തി

ckmnews


വ്യാജസർട്ടിഫിക്കറ്റ് കേസിൽ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് കുരുക്ക് മുറുകുന്നു. കേസിൽ മെല്ലെപ്പോക്കെന്ന ആരോപണത്തിന് പിന്നാലെ അഗളി പൊലീസ് മഹാരാജാസ് കോളജിൽ നിന്നും അട്ടപ്പാടി കോളജിൽ നിന്നും വിവരങ്ങൾ തേടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം മഹാരാജാസ് കോളജിലെത്തി വൈസ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി.


കോളജിൽ നിന്ന് വിദ്യയ്ക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അധ്യാപകരുടെ സഹായം ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ബിന്ദു ശർമിള വ്യക്തമാക്കി. എല്ലാ രേഖകളും പൊലീസിന് നൽകിയിട്ടുണ്ട്, അസ്പയർ ഫെല്ലോഷിപ്പിന് നൽകിയ സർട്ടിഫിക്കറ്റിലെ ലോഗോയും സീലും ദുരുപയോഗപ്പെടുത്തിയായി സംശയിക്കുന്നുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

അഗളി സിഐ സലീമിന്റെ നേതൃത്വത്തിലായിരുന്നു അട്ടപ്പാടി ഗവൺമെന്റ് കോളജിലെ മൊഴിയെടുപ്പ്. ഇവിടെയാണ് വിദ്യ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അഭിമുഖത്തിൽ പങ്കെടുത്തതിന് പിന്നാലെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയിരുന്നെന്നും തൊട്ടുപിന്നാലെ മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നെന്നും കോളേജ് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് പറഞ്ഞു.

അതേസമയം വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിദ്യയുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണ്. വിദ്യക്കായി നാലിടങ്ങളിൽ ഇതിനോടകം പരിശോധന നടത്തിയെന്നും അന്വേഷണത്തിൽ മെല്ലെപോക്കില്ലെന്നുമാണ് അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ പ്രതികരണം. അതേസമയം, മാർക് ലിസ്റ്റ് വിവാദത്തിൽ പി എം ആർഷൊ നൽകിയ ഗൂഢാലോചനാ പരാതിയിൽ മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.