09 May 2024 Thursday

‘കേരളത്തിൽ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ്,കേസെടുത്തത് ഫാഷിസം; യച്ചൂരി എവിടെ?’

ckmnews

‘കേരളത്തിൽ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ്,കേസെടുത്തത് ഫാഷിസം; യച്ചൂരി എവിടെ?’


കോഴിക്കോട് : വ്യാജരേഖ ചമച്ച് ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവിനെതിരെയും പരീക്ഷ എഴുതാതെ പരീക്ഷ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘‘അഭിപ്രായ സ്വാതന്ത്യത്തെ കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എന്തുകൊണ്ടാണ് കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തത്? ഭരണകൂടത്തിന്റെ മർദനോപാദി എന്ന് നിങ്ങൾ തന്നെ ആക്ഷേപിച്ച പൊലീസിനെ ഉപയോഗിച്ച് കേരളത്തിൽ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടയ്ക്കാൻ ശ്രമിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാൻ എന്തുകൊണ്ടാണ് യച്ചൂരി തയാറാവാത്തത്?’’– സുരേന്ദ്രൻ ചോദിച്ചു.



‘‘എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത വാർത്തയാണത്. ഏതെങ്കിലും ഒരു മാധ്യമം കെട്ടിച്ചമച്ച വാർത്തയല്ല അതെന്ന് വ്യക്തമാണ്. എന്നിട്ടും ആ വാർത്തയുടെ പേരിൽ ഒരു മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാഷിസമാണ്. സിപിഎം നേതാക്കൾക്കും മുഖ്യമന്ത്രിക്കും അധികാരം തലയ്ക്ക് പിടിച്ചതു കൊണ്ടാണ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറുന്നത്.


സർക്കാരിനെ എതിർക്കുന്നവരെ അടിച്ചമർത്താമെന്നും ജനങ്ങളുടെമേൽ കുതിരകയറാമെന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഭീഷണി ഉപയോഗിച്ച് ചെറുക്കാമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിചാരിക്കുന്നത്. അത് നടക്കാൻ പോവുന്നില്ല. സർക്കാരിന്റെ ജനാധിപത്യ വിരുദ്ധയെ ബിജെപി ശക്തമായി ചെറുത്തുനിൽക്കും’’– സുരേന്ദ്രൻ കൂട്ടിച്ചേർത്തു.