സ്റ്റേഡിയം ഇളകി മറിഞ്ഞു; കരീം ബെൻസേമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ജിദ്ദ

ജിദ്ദ ∙ സ്റ്റേഡിയം ഇളകി മറിഞ്ഞു. കരീം ബെൻസേമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ജിദ്ദ. വ്യാഴാഴ്‌ച രാത്രി ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലെ അൽ ജവഹറ സ്‌റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ അൽ ഇത്തിഹാദിന്റെ പുതിയ കളിക്കാരൻ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമയെ സ്വീകരിച്ചത് 60,000 ത്തിലേറെ വരുന്ന ആരാധകർ. പ്രസന്റേഷന്‍ ചടങ്ങിന്റെ ടിക്കറ്റ് വില ഒൻപത് റിയാല്‍ മുതലായിരുന്നു. ബുധനാഴ്ച രാത്രി ജിദ്ദയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് ഇത്തിഹാദിന്റെ മഞ്ഞയും കറുപ്പും ജഴ്സിയണിഞ്ഞ് എത്തിയത്.
ഏറ്റവും വലിയ വരവേൽപാണ് അദ്ദേഹത്തിന് ലഭിച്ചത്. കരിം ബെൻസേമ മൈതാനത്ത് പ്രചോദനാത്മകമായ പ്രസംഗം നടത്തി. തുടർന്ന് സംഗീതത്തോടെ ലേസർ ഷോ ആരംഭിച്ചു.
അൽ ഇത്തിഹാദിനെ തിരഞ്ഞെടുത്തതിന്റെ കാരണങ്ങൾ ബെൻസേമ വെളിപ്പെടുത്തി. സൗദി അറേബ്യയിലേക്ക് വരുന്നതിൽ വളരെ സന്തോഷമുണ്ടെന്നും, അൽ ഇത്തിഹാദ് ആരാധകരെ അൽ ജവഹറ സ്റ്റേഡിയത്തിൽ കാണുന്നതിൽ ആവേശമുണ്ടെന്നും പറഞ്ഞു. ഞാൻ ജിദ്ദ യൂണിയൻ തിരഞ്ഞെടുത്തത് അത് ഒരു പുരാതന ക്ലബായതിനാലും ചാംപ്യൻഷിപ്പുകൾക്കായി മത്സരിക്കുന്നതിനാലുമാണ്. സൗദി ആരാധകർ ഫുട്ബോൾ കളിയിൽ അഭിനിവേശമുള്ളവരാണ് ബെൻസേമ പറഞ്ഞു. 9–ാം നമ്പർ ജഴ്സിയിലാകും ബെൻസേമ കളത്തിലിറങ്ങുക.
2009ൽ റയൽ മഡ്രിഡിലെത്തിയ ബെൻസേമ ക്ലബിനൊപ്പം 5 ചാംപ്യൻസ് ലീഗ് ട്രോഫിയും 4 സ്പാനിഷ് ലീഗ് ട്രോഫിയും ഉൾപ്പെടെ അനേകം വിജയങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ബെന്‍സേമക്ക് വര്‍ഷം അഞ്ചരക്കോടി ഡോളറായിരിക്കും (450 കോടി രൂപ) പ്രതിഫലം. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഫ്രഞ്ച് കളിക്കാരൻ എൻഗോളോ കാന്റെയും ചെല്‍സിയില്‍ നിന്ന് ബെന്‍സേമക്കൊപ്പം ചേരാന്‍ ഇത്തിഹാദിലെത്തിയിട്ടുണ്ട്. മുപ്പത്തിരണ്ടുകാരനായ കാന്റെ മൂന്നു വര്‍ഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഫ്രഞ്ച് ടീമിലും ബെന്‍സേമക്കൊപ്പം കളിച്ചിരുന്നു എൻഗോളോ കാന്റെ. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും ബെന്‍സേമക്കും കാന്റെക്കും പിന്നാലെ പത്തോളം താരങ്ങളെയാണ് സൗദി നോട്ടമിട്ടിരിക്കുന്നത്.
അര്‍ജന്റീന പ്ലേമേക്കര്‍ എയ്ഞ്ചൽ ഡി മരിയ സൗദി ക്ലബില്‍ ചേരാനായി യുവന്റസ് വിട്ടു. എന്നാല്‍ മെസി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നതോടെ ഡി മരിയയെയും അവിടെയെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.