27 April 2024 Saturday

അപകടത്തിൽ പരിക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂർത്തിയായി; മുറിയിലേക്ക് മാറ്റി

ckmnews


കൊച്ചി: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മഹേഷ് ചികിത്സയിലുള്ളത്. നടൻ ബിനീഷ് ബാസ്റ്റിനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.


കൊല്ലം സുധിയോടൊപ്പം കാറിൽ മഹേഷ് കുഞ്ഞുമോൻ, ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് എന്നിവരും ഉണ്ടായിരുന്നു. വടകരയില്‍ ചാനൽ പരിപാടി കഴിഞ്ഞ് തിരികെ വരികയായിരുന്നു ഇവർ. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.


മഹേഷ് കുഞ്ഞുമോന് ഏറെ നീണ്ട ശസ്ത്രക്രിയയാണ് പൂർത്തിയായതെന്ന് ബിനീഷ് ബാസ്റ്റിൻ അറിയിച്ചു. ഇന്നലെ രാത്രിയോടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മുറിയിലേക്ക് മാറ്റി. ഡ്രൈവർ ഉല്ലാസിന്റെയും ആരോഗ്യനില തൃപ്തികരമാണ്. ബിനു അടിമാലിക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിന്‍റെ ആഘാതത്തിലാണ് എല്ലാവരും. പ്രാർത്ഥിക്കണമെന്നാണ് എല്ലാവരോടും അഭ്യർത്ഥിക്കുന്നതെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.ജൂൺ 5ന് പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുഖത്ത് പരുക്കുപറ്റിയ മഹേഷിന്റെ പല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ സൂചിപ്പിക്കുന്നത്.


കൊല്ലം സുധിയെപ്പോലെ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോൻ. കോവിഡ് കാലത്ത് പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വിഡിയോയിലൂടെയാണ് മഹേഷ് കുഞ്ഞുമോൻ ശ്രദ്ധേയനാകുന്നത്. മഹേഷിന്റെ ശബ്ദാനുകരണത്തിലെ പൂർണത എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കുന്നുണ്ട്. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് സിനിമാലോകത്തെയും ഞെട്ടിച്ചിരുന്നു.