09 May 2024 Thursday

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ckmnews


കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥി ശ്രദ്ധ സതീശന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാർഥികളുമായും കോളേജ് മാനേജ്മെന്റുമായും മന്ത്രിമാരായ ആർ ബിന്ദുവും വി എൻ വാസവനും ചർച്ച നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ഇതോടെ, കോളജിൽ വിദ്യാർഥികൾ നടത്തി വന്ന സമരം അവസാനിപ്പിച്ചു.


വിദ്യാർത്ഥി സമരം കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ ആരോപണം മന്ത്രി വി എൻ വാസവൻ തള്ളി. സർക്കാർ എന്തെങ്കിലും പ്രത്യേക അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നില്ലെന്നായിരുന്നു ചർച്ചയ്ക്ക് മുമ്പ് മന്ത്രിയുടെ മറുപടി.

രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായിരുന്ന ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാനും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും മാനേജ്മെന്‍റ് നിര്‍ദേശം നല്‍കിയിരുന്നു.തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ(20) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.