09 May 2024 Thursday

മയക്കുമരുന്ന് വാങ്ങാൻ ബൈക്ക് മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

ckmnews


കോഴിക്കോട്: മയക്കുമരുന്ന് വാങ്ങാൻ ബൈക്ക് മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. റംഷാദ്, അജ്നാസ്, ഷംജാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയിലാണ് മൂന്നംഗ സംഘം പിടിയിലാക്കുന്നത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകൾ കണ്ടെടുത്തു.

മയക്കുമരുന്ന് വാങ്ങുന്നതിനു പണം കണ്ടെത്താനാണ് പ്രതികൾ മോഷണം നടത്തിയിരുന്നതെന്നാണ് വിശദീകരണം. മയക്കുമരുന്ന് വാങ്ങിയതിനു പ്രതിഫലമായി ബൈക്കുകൾ നൽകുന്നതാണ് ഇവരുടെ രീതി. ഇവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഈ കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.