09 May 2024 Thursday

എഐ ക്യാമറ വഴി ഇന്ന് മാത്രം കണ്ടെത്തിയത് 28891 നിയമലംഘനങ്ങൾ; രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയുള്ള കണക്ക്

ckmnews


എഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28891 നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. ഒറ്റ ദിവസം കൊണ്ട് മാത്രമാണ് ഇത്രയും നിയമ ലംഘനങ്ങളുണ്ടായത്. രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയുള്ള കണക്കാണ് ഇപ്പോൾ ലഭ്യമായിരിക്കന്നത്. എതിർപ്പുകൾക്കും വിവാദങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ എഐ ക്യാമറകൾ മിഴി തുറന്നത്. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.


ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകൾ പ്രവ‌ർത്തിക്കും. ഇരുചക്ര വാഹനയാത്രക്കാർ രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഹെല്‍മറ്റില്ലങ്കില്‍ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവര്‍ലോഡിങാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും.