09 May 2024 Thursday

സൗജന്യ ഇന്റര്‍നെറ്റുമായി കെ ഫോണ്‍ എത്തി, ഉദ്ഘാടനം ഇന്ന്

ckmnews

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്) ഇന്ന് മുതല്‍ പ്രവൃത്തിപഥത്തില്‍.ഇന്ന് വൈകിട്ട് നാല് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കെ-ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിക്കും. കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.


എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെ-ഫോണ്‍ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി നിലവില്‍ വരുന്നതോടെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങള്‍ക്ക് കണക്ഷൻ നല്‍കിക്കഴിഞ്ഞു. സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍ തുടങ്ങി 30,000ത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെ-ഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തും. ഇതുവരെ 26,542 ഓഫീസുകളില്‍ കണക്ഷൻ നല്‍കുകയും 17,155 ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.