09 May 2024 Thursday

ലൈഫ് മിഷൻ കോഴയിടപാട് കേസ്; എം ശിവശങ്കറിന് ജാമ്യമില്ല

ckmnews


ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ കോടതി തള്ളി. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന കേസിലെ പ്രതിയായ സന്തോഷ് ഈപ്പന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കൊച്ചിയിലെ വിചാരണ കോടതിയുടേത് ആണ് നടപടികൾ.

ലൈഫ് മിഷൻ കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കർ ചികിത്സയ്ക്ക് ആയി ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിചാരണ കോടതിയെ സമീപിച്ചത്. മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ശിവശങ്കരന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും. ആവശ്യമുള്ള ചികിത്സ നൽകുന്നുണ്ടെന്നും ഇഡി കോടതി അറിയിച്ചു. ഇതേ തുടർന്നാണ് കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കോടതി തള്ളിയത്. കേസിൽ സ്ഥിരം ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു. സുപ്രിംകോടതിയുടെ ഈ നിർദ്ദേശം ഉൾപ്പെടുത്തിയായിരുന്നു ശിവശങ്കർ ജാമ്യ അപേക്ഷ നൽകിയത്. ലൈഫ് മിഷൻ കോഴയിടപാടുമായി തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കർ ജാമ്യ അപേക്ഷയിൽ പറയുന്നത്. സ്ഥിരം ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.


കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഏഴാം പ്രതിയും യൂണിടാക് എംഡിയുമായ സന്തോഷ് ഈപ്പൻ നൽകിയ അപേക്ഷയും കോടതി തള്ളി. തന്റെ പാസ്‌പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.