09 May 2024 Thursday

കിൻഫ്ര തീപിടിത്തം: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഫയർമാൻ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും

ckmnews



തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന് സംഭരണശാലയിൽ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. സ്വകാര്യ ആശുപത്രിയിലായിരുന്ന രഞ്ജിത്തിന്‍റെ ഭൗതികദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാനായ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ടത്.


നേത്രദാന നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷം ചാക്ക സ്റ്റേഷനിലും പൊതുദർശനം ഉണ്ടാകും. സംസ്കാരം ഉച്ചയ്ക്കുശേഷം ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ നടക്കും. ചാക്കയിൽ നിന്ന് മൃതദേഹം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും.


കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനു തീപിടിച്ചുണ്ടായ അപകടത്തിനിടെ രക്ഷാപ്രവർത്തനം നടത്തവെയാണ് രഞ്ജിത്ത് മരിച്ചത്. തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.


കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്.കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ദേഹമാസകലം പരിക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.