09 May 2024 Thursday

കേരള സർക്കാർ അപേക്ഷകളിൽ മാപ്പ്, ക്ഷമ എന്നിവ ഉപയോഗിക്കേണ്ടെന്ന് ഉത്തരവ്

ckmnews


തിരുവനന്തപുരം: കേരള സർക്കാർ അപേക്ഷകളിൽ മാപ്പ്, ക്ഷമ എന്നിവ ഉപയോഗിക്കേണ്ടെന്ന് ഉത്തരവ്. അപേക്ഷകൾ സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ അതിന് മാപ്പും ക്ഷമയും പറയേണ്ട. പകരം, കാലതാമസം പരിഗണിക്കാതെ അപേക്ഷയിൽ തീരുമാനമെടുക്കണമെന്ന് ഉപയോഗിക്കാം.


സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കാൻ കാലതാമസം നേരിട്ടാൽ ഇത് മറികടക്കാനുള്ള അപേക്ഷയിൽ മാപ്പ്/ക്ഷമ ചോദിക്കാറുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം ‘ക്ഷമിക്കുക’, ‘ഒഴിവാക്കുക’ എന്നതിലുപരിയായി ഗുരുതരമായ കുറ്റമോ, വലിയ അപരാധമോ എന്ന അർത്ഥമാണ് സമൂഹത്തിൽ ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.

ഇതിനാൽ ‘കാലതാമസം മാപ്പാക്കുന്നതിന്’ എന്നതിനു പകരം ‘കാലതാമസം പരിഗണിക്കാതെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോഗിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു

മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ അപേക്ഷാ ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.