09 May 2024 Thursday

ഗ്രേഡിനു പകരം മാർക്ക്: സമൂഹം ചർച്ച ചെയ്യട്ടെ, സർക്കാർ തീരുമാനിച്ചിട്ടില്ല: മന്ത്രി

ckmnews

ഗ്രേഡിനു പകരം മാർക്ക്: സമൂഹം ചർച്ച ചെയ്യട്ടെ, സർക്കാർ തീരുമാനിച്ചിട്ടില്ല: മന്ത്രി


തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പഴയതുപോലെ മാർക്ക് രേഖപ്പെടുത്തണോ എന്ന് നയപരമായി ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. സമൂഹം ഇക്കാര്യം ചർച്ച ചെയ്യട്ടെ. മാർക്ക് പ്രസിദ്ധീകരിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറക്കം മുൻപ് സമൂഹം ചർച്ച ചെയ്താണ്. അതാണ് ഗ്രേഡിങ് രീതിയിലേക്ക് മാറിയത്. വീണ്ടും പഴയതുപോലെ ആക്കണോ എന്ന കാര്യം സമൂഹം ചർച്ച ചെയ്യട്ടെ. ഗ്രേഡിങ് രീതി സമൂഹം പൊതുവേ അംഗീകരിച്ച കാര്യമാണ്. കലോത്സവങ്ങളിലും ഗ്രേഡിങ് രീതിയാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു.

എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്ക് ചേർക്കുന്നതു കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. ഫലത്തിനൊപ്പം മാർക്ക് പ്രസിദ്ധീകരിക്കണമെന്ന് കോഴിക്കോടുള്ള വിദ്യാർഥിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഉത്തരവ് ഫലപ്രഖ്യാപനത്തിന് തടസ്സമാകരുതെന്നും കോടതി നിർദേശിച്ചിരുന്നു.


ഈ വർഷം അച്ചടിക്കേണ്ട സർട്ടിഫിക്കറ്റുകൾ മുൻ വർഷത്തെ മാതൃകയിൽ നേരത്തേ അച്ചടിച്ചിരുന്നു. ഗ്രേഡ് മാത്രം ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനമാണ് നിലവിലുള്ളത്. 2 വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ചേർത്താണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തിയത്. ഗ്രേസ് മാർക്കിലൂടെ നേടാവുന്ന പരമാവധി മാർക്ക് 90% ആയി നിജപ്പെടുത്തിയിട്ടുണ്ട്. എ പ്ലസ് നേടിയവർക്ക് ഗ്രേസ് മാർക്ക് കിട്ടില്ല.