09 May 2024 Thursday

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

ckmnews


കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം നല്‍കുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പി കെ ജയശ്രീ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നാളെ കൈമാറും. സ്ഥലത്ത് താത്ക്കാലിക ഫോറസ്റ്റ് ബീറ്റ് ആരംഭിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടികള്‍ പെട്ടെന്ന് സ്വീകരിക്കുമെന്ന് വനംമന്ത്രിയും അറിയിച്ചു.

സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. പുറത്തേല്‍ ചാക്കോച്ചന്‍ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ തോമസ് ചികിത്സയിലായിരുന്നു.

കൊല്ലം ഇടമുളക്കലിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വൃദ്ധന്‍ മരിച്ചു. ഇടമുളയ്ക്കല്‍ കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബര്‍ വെട്ടുന്ന ആളെ കാണാന്‍ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകില്‍ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വര്‍ഗീസിനെ കുത്തുകയായിയുന്നു. വര്‍ഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വര്‍ഗീസ് ഗള്‍ഫില്‍ നിന്നെത്തിയത്.