09 May 2024 Thursday

കോട്ടയം എരുമേലിയിൽ കാട്ട് പോത്തിന്റെ അക്രമം പ്രതിഷേധം ശക്തം രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

ckmnews



കോട്ടയം എരുമേലിയിൽ കാട്ട് പോത്തിന്റെ അക്രമത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.ഇതിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.


 രാവിലെയാണ് എരുമേലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസിന് (60) എന്നിവരാണ് മരിച്ചത്.


രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്.


ഇതിനിടെ കൊല്ലത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റ്  ഒരാൾ കൂടി മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. ഇതോടെ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ മരിച്ചു.


പ്രവാസിയായ സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം. സാമുവലിനെ പിന്നിൽ നിന്നാണ് കാട്ടുപോത്ത് കുത്തിയത്.ഗുരുതര പരിക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.