09 May 2024 Thursday

മോഖ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും; കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ckmnews



തിരുവനന്തപുരം : മോഖ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഉച്ചയോടെ മണിക്കൂറില്‍ 210കിലോമീറ്റര്‍ വരെ വേഗതയില്‍ ബംഗ്ലാദേശ് മ്യാന്‍മര്‍ തീരത്ത് മോഖ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. മേഖലയില്‍ കനത്ത നാശ നഷ്ടത്തിനും സാധ്യതയുണ്ട്.


മോഖ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല.എന്നാല്‍ സംസ്ഥാനത്ത് ഇടി മിന്നലും കാറ്റോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ശക്തമായ മഴക്കും സാധ്യത പ്രവചിക്കുന്നു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല. എന്നാല്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.


ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മല്‍സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികള്‍ തീരത്തേക്ക് മടങ്ങണമെന്ന നിര്‍ദ്ദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്.