08 May 2024 Wednesday

മലപ്പുറത്ത് അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ckmnews


തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ  അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ഇടിമിന്നലോടു കൂടിയ ആയ മഴയ്ക്കും  മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


അതേസമയം മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. ഇതിന്‍റെ ഭാഗമായി കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ മോഖ കരയിൽ പ്രവേശിക്കും. അതീ തീവ്ര ചുഴലിക്കാറ്റ് തെക്ക്-കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിലായാണ് കരയിൽ പ്രവേശിക്കുന്നത്. കേരളത്തിൽ ബുധനാഴ്ചയോടെ മഴ സജീവമാകാനാണ് സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനും തടസ്സമില്ല.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്


മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 100-110 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കി.മീ. വരെ വേഗതയിലും; വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉച്ചയ്ക്ക് മുൻപ് മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ150 വരെയും ഉച്ചകഴിഞ്ഞ് വേഗത ക്രമേണ കുറയുന്നു; വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55-65 കി.മീ ചില അവസരങ്ങളിൽ 75 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.