09 May 2024 Thursday

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരള തീരത്ത് അപ്രതീക്ഷിത മഴയ്ക്ക് സാധ്യത

ckmnews



തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. യമൻ നിശ്ചയിച്ച മോഖ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും വൈകുന്നേരത്തോടെ മണിക്കൂറിൽ 160 km വരെ വേഗതയിൽ വീശിയടിക്കുന്ന അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് ദിശമാറി വടക്ക് – വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ചു മെയ്‌ 14 ന് ബംഗ്ലാദേശ്  – മ്യാന്മാർ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് പ്രവചനം. 


മോഖ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ ഇതിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത രണ്ട് ദിവസം അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയും  ഇടി മിന്നലും കാറ്റോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മഴ ശക്തമായേക്കും.


പത്തനംതിട്ട, ഇടുക്കി, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള  ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.

കർണാടക തീരത്ത് അതിശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.