09 May 2024 Thursday

ഉദ്യോഗസ്ഥരോട് ജനങ്ങള്‍ ചോദ്യം ചോദിക്കുന്ന കാലം വരും; താനൂര്‍ ദുരന്തത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ckmnews


മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോടതി താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്നും നിയമത്തെ പേടി വേണമെന്നും പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. എന്തിനാണ് എല്ലാവരും കണ്ണടയ്ക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, നിയമം നടപ്പിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം എവിടെയാണെന്നും ചോദിച്ചു. ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുന്ന കാലം വരും. ദുരന്തത്തില്‍ താനൂര്‍ മുനിസിപ്പാലിറ്റിയും മറുപടി പറയണം. കുട്ടികളാണ് മരിച്ചുവീഴുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയാണിതെന്ന് കോടതി വിമര്‍ശിച്ചു.


ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. അപകടത്തിന്റെ കാരണം ഉടന്‍ വ്യക്തമാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തേടിയ കോടതി പ്രദേശത്തിന്റെ ചുമതലയുള്ള പോര്‍ട്ട് ഓഫീസറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു. ബോട്ടിന് ലൈസന്‍സില്ലാത്തതുള്‍പ്പെടെ വലിയ നിയമലംഘനങ്ങളാണ് താനൂരില്‍ നടന്നത്.