09 May 2024 Thursday

കൂടുതൽ ആളെ കയറ്റില്ല, സർവ സുരക്ഷയുമുണ്ട്: ‘വാട്ടർ മെട്രോ’യിൽ ആശങ്ക വേണ്ടെന്ന് ബെഹ്റ

ckmnews

കൂടുതൽ ആളെ കയറ്റില്ല, സർവ സുരക്ഷയുമുണ്ട്: ‘വാട്ടർ മെട്രോ’യിൽ ആശങ്ക വേണ്ടെന്ന് ബെഹ്റ


കൊച്ചി:സംസ്ഥാന സർക്കാരിന്റെ ‘വാട്ടർ മെട്രോ’ സർവീസുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നു വ്യക്തമാക്കി വാട്ടർ മെട്രോ എംഡി ലോക്നാഥ് ബെഹ്റ രംഗത്ത്. മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സാഹചര്യത്തിലാണ് വാട്ടർ മെട്രോയിൽ പൂർണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന ബെഹ്റയുടെ വിശദീകരണം. വാട്ടർ മെട്രോയിൽ ഒരു കാരണവശാലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


‘‘വാട്ടർ മെട്രോയിലെ ബോട്ടുകളുടെ ഡിസൈൻ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ ആധാരമാക്കിയുള്ളതാണ്. രാജ്യാന്തര തലത്തിലുള്ള സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള മികച്ച ബോട്ടുകളാണത്. ഇതിൽ യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്താനുള്ള കൃത്യമായ ക്രമീകരണമുണ്ട്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും കൂടുതൽ ആളുകൾക്ക‌ു യാത്ര ചെയ്യാൻ സാധിക്കില്ല. അനുവദനീയമായ എണ്ണം തികഞ്ഞാൽ അതിൽ കൂടുതൽ പേർക്ക് അകത്ത് പ്രവേശിക്കാനാകില്ല. നൂറു വരെ അനുവദനീയമാണെങ്കിലും 101 ആയാൽ പോകാനാകില്ല. അതുകൊണ്ട് കൂടുതൽ പേർ കയറുമെന്ന ആശങ്ക വേണ്ട’’ – ബെഹ്റ പറഞ്ഞു.