09 May 2024 Thursday

മുക്കുപണ്ടം പണയം, തട്ടിയെടുത്തത് 7.51 ലക്ഷം രൂപ: യുവാവ് അറസ്റ്റിൽ

ckmnews

മുക്കുപണ്ടം പണയം, തട്ടിയെടുത്തത് 7.51 ലക്ഷം രൂപ: യുവാവ് അറസ്റ്റിൽ


തൊടുപുഴ:നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പല തവണയായി 183 ഗ്രാം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഉടുമ്പന്നൂർ ഇടമറുക് ലബാവീട്ടിൽ അബ്ദുസലാമിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയം വച്ച് 7.51 ലക്ഷം രൂപയാണ് അബ്ദുസാലാമും ഭാര്യയും തട്ടിയെടുത്തത്. കേസിൽ രണ്ടാം പ്രതിയായ അബ്ദുസലാമിനെ തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിന്റെയും എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.


ഇയാളുടെ ഭാര്യ ആൻസി യാണ് (24)കേസിലെ ഒന്നാം പ്രതി. ആൻസിയുടെ പേരിലാണ് കൂടുതൽ മുക്കുപണ്ടം പണയം വച്ചിരുന്നത്. നഴ്സായ ആൻസി കഴിഞ്ഞ മാസം വിദേശത്തേക്ക് പോയിരുന്നു. 2022 നവംബർ 11 മുതൽ 2023 ജനുവരി 16 വരെ ഏഴു തവണയായാണ് സ്വർണം പണയം വച്ചത്. കഴിഞ്ഞ ദിവസം 3.5 ഗ്രാം തൂക്കം വരുന്ന പൊട്ടിയ ഒരു ചെയിൻ പണയം വയ്ക്കാനായി പ്രതിയായ യുവാവ് സ്ഥാപനത്തിലെത്തി.


ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് സമീപത്തെ ജ്വല്ലറിയിൽ എത്തിച്ചു പരിശോധന നടത്തി. ഇതോടെയാണ് മുക്കുപണ്ടമാണെന്നു തെളിഞ്ഞത്. തുടർന്ന് പ്രതിയും ഭാര്യയും പണയം വച്ചിരുന്ന മുഴുവൻ ഉരുപ്പടികളും പരിശോധിച്ചു. ഇവ മുഴുവൻ മുക്കുപണ്ടമാണെന്ന് മനസ്സിലായി. പണം തിരികെ വേണമെന്ന് സ്ഥാപന ഉടമ, അബ്ദുസലാമിനോട് ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു മാറി. ഇതോടെ ഡിവൈഎസ്പിക്ക് പരാതി നൽകി.


ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കാറുമായി പ്രതി തൊടുപുഴയിലെത്തിയിരുന്നു. ധനകാര്യ സ്ഥാപന ഉടമ കാർ പിടിച്ചെടുത്തു. പ്രതിയുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് അറിവില്ലാതിരുന്ന സുഹൃത്ത് ഇത് തന്റെ കാറാണെന്നും വിട്ടുതരണമെന്നും ധനകാര്യ സ്ഥാപന ഉടമയോടെ ആവശ്യപ്പെട്ടെങ്കിലും ഉടമ തയാറായില്ല. ഇതേ തുടർന്ന് കാർ ഉടമ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. ഇതിന്റെ തുടർച്ചയായാണ് മുക്കുപണ്ടം പണയം വച്ച കേസിൽ അബ്ദുസലാം അറസ്റ്റിലായത്.


മടക്കത്താനം മാട്ടുപാറയിൽ വാടക വീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൈനാപ്പിൾ കർഷകനാണ് അബ്ദുസലാമെന്ന് പൊലീസ് പറഞ്ഞു. ഇയാളും ഭാര്യയും ചേർന്ന് മറ്റെവിടെങ്കിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാർ വിട്ടുകിട്ടാത്തതിനെതിരെ ഉടമയുടെ പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.