26 April 2024 Friday

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;മലപ്പുറം ജില്ലയിൽ നാളെ റെഡ് അലേർട്ട്

ckmnews

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജാഗ്രതാനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴക വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

സെപ്റ്റംബര്‍ 19- ഇടുക്കി, കണ്ണൂര്‍, കാസർകോട്

സെപ്റ്റംബര്‍ 20- ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസർകോട്

204.5 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കും. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

സെപ്റ്റംബര്‍ 19- ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

സെപ്റ്റംബര്‍ 20- കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്.

സെപ്റ്റംബര്‍ 21- കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.