09 May 2024 Thursday

കോട്ടയം നഗരസഭയ്ക്ക് കിട്ടിയ 66.72 കോടി രൂപ കാണാനില്ല

ckmnews

കോട്ടയം നഗരസഭയ്ക്ക് കിട്ടിയ 66.72 കോടി രൂപ കാണാനില്ല


കോട്ടയം:റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം നഗരസഭയുടെ ഭൂമി ഏറ്റെടുത്തതിനു നഷ്ടപരിഹാരമായി റെയിൽവേ അനുവദിച്ച 66.72 കോടി രൂപ കാണാനില്ല. ഈ തുക ആരു കൈപ്പറ്റിയെന്നോ പണം എവിടെയുണ്ടെന്നോ സൂചിപ്പിക്കുന്ന രേഖകൾ നഗരസഭയിൽ ലഭ്യമല്ല.സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കീഴിലുള്ള നഗരസഭാ ഓഡിറ്റ് വിഭാഗമാണു ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.


മുട്ടമ്പലം വില്ലേജിൽപെട്ട സ്ഥലമാണ് റെയിൽവേ പാത ഇരട്ടിപ്പിക്കലിനായി ഏറ്റെടുത്തത്. സ്പെഷൽ തഹസിൽദാർ (റെയിൽവേ) ആണ് നഷ്ടപരിഹാരം അനുവദിച്ചത്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം പലതവണ ആവശ്യപ്പെട്ടിട്ടും നഗരസഭ രേഖ ഹാജരാക്കിയില്ല. വിശദാംശങ്ങളും നൽകിയില്ല. ഇതിനിടെ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിനായി വക്കീൽ ഫീസ് അനുവദിക്കാൻ നഗരസഭായോഗം തീരുമാനിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 27നു ചേർന്ന കൗൺസിൽ യോഗത്തിൽ രണ്ടാമത്തെ അജൻഡയായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്.



നഗരസഭയിലെ കുമാരനല്ലൂർ മേഖലാ ഓഫിസ് പരിധിയിൽ 28 കടമുറികൾ വാടകയ്ക്കു നൽകിയതിന്റെ രേഖ ഓഡിറ്റ് വിഭാഗത്തിനു നൽകിയിട്ടില്ല. ആർക്കു വാടകയ്ക്കു കൊടുത്തു, വാടക കരാർ എവിടെ, വാടക ലഭിച്ചതിന്റെ തെളിവ് എവിടെ? തുടങ്ങിയ ചോദ്യങ്ങളിലും നഗരസഭയ്ക്കു മറുപടിയില്ല. ഇതും ഗുരുതര വീഴ്ചയായാണ് കണ്ടെത്തിയിരിക്കുന്നത്.