09 May 2024 Thursday

അന്ന മോർഗൻ എന്ന വ്യാജപ്പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി വീട്ടമ്മയിൽ നിന്ന് 81 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ckmnews


ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയെ കേരള പോലീസ് അറസ്റ്റ് ചെയ്തു. ഇസിചിക്കു എന്നയാളെയാണ് കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്. 2021ൽ നടന്ന തട്ടിപ്പിലെ പ്രതിയാണ് പിടിയിലായത്. ഒരു വർഷം നീണ്ടു നിന്ന തട്ടിപ്പിലൂടെയാണ് നൈജീരിയൻ സ്വദേശി ഇസിചിക്കു വീട്ടമ്മയിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്തത്. അന്ന മോർഗൻ എന്ന വ്യാജപേരിൽ തട്ടിപ്പ് സംഘം നിർമ്മിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു തട്ടിപ്. യുകെ സ്വദേശി എന്ന വ്യാജേനെ തട്ടിപ്പ് സംഘം വീട്ടമ്മയുമായി അടുപ്പത്തിൽ ആയി.

ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 30 കോടി രൂപയുടെ ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്ന് വീട്ടിമ്മയെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ഗിഫ്റ്റ് കൈപറ്റാൻ നികുതി അടക്കണം എന്നും ആവശ്യപെട്ടു. ആദ്യ ഘട്ടത്തിൽ 22000 രൂപ വീട്ടമ്മ നൽകി. ഇങ്ങനെ, 2021 ജൂലായ്‌ മുതൽ 2022 ജൂലായ്‌ വരെ വീട്ടമ്മ നൽകിയത് 81 ലക്ഷം രൂപയാണ്.

കൈവശം ഉണ്ടായിരുന്ന പണം തീർന്നതോടെ കടം വാങ്ങിയും സ്വർണം പണയം വെച്ചും വീട്ടമ്മ പണം അയച്ചു കൊണ്ടിരുന്നു. ഒടുവിൽ ഇനി നൽകാൻ പണം ഇല്ലെന്ന് ആയതോടെ പണം അടച്ച് ഗിഫ്റ്റ് കൈപറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി. സഹികെട്ട വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.


കേസ് അന്വേഷിച്ച പ്രത്യേക സൈബർ ടീം പ്രതി ഡൽഹിയിൽ ഉണ്ടെന്ന് കണ്ടെത്തി. ഡൽഹിയിൽ എത്തിയ പൊലീസ് അതിസാഹസികമായാണ് വർഷങ്ങളായി തട്ടിപ്പ് നടത്തി വരികയായിരുന്ന പ്രതിയെ പിടികൂടിയത്. കേസിൽ മറ്റു പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോയെന്നും, കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു