09 May 2024 Thursday

തുണിക്കച്ചവടത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്തു രണ്ടേകാൽ കോടി രൂപ തട്ടിയ യുവതി അറസ്റ്റിൽ

ckmnews


ആലപ്പുഴ: തുണി ഇറക്കുമതി ചെയ്യുന്ന ബിസിനസില്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റിലായി. തൃക്കൊടിത്താനം അനസിന്റെ ഭാര്യ സജന സലീമാണ് (41) അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയായ അനസ് വിദേശത്താണ്.


വൻ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് അനസും സജനയും ചേർന്ന് കീരിക്കാട് സ്വദേശിയുടെ രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്തത്. ബല്‍ഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിയുടെ മൊത്ത കച്ചവടക്കാരിയെന്ന നിലയിലാണ് കീരിക്കാട് സ്വദേശിയുമായി സജന സൗഹൃദം സ്ഥാപിക്കുന്നത്. വിശ്വാസം നേടിയ ശേഷം ബിസിനസിൽ പങ്കാളിയായി വൻ ലാഭ വിഹിതം ഉറപ്പ് നല്‍കിയാണ് പണം വാങ്ങിച്ചെടുത്തത്.


തുടക്കത്തിൽ ലാഭവിഹിതമായി വൻ തുക നൽകി വിശ്വാസം ആർജിച്ചശേഷം കൂടുതൽ പണം വാങ്ങിച്ചെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് പണം നൽകാതെയായി. ഇതേക്കുറിച്ച് ചോദിച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. ഒടുവിൽ വിളിച്ചാൽ ഫോൺ എടുക്കാതെയായി. ഇതോടെയാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് കീരിക്കാട് സ്വദേശിക്ക് മനസിലായത്.


ഇതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സജന അറസ്റ്റിലായെന്ന വിവരം അറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സജനയ്ക്കും അനസിനുമെതിരെ കായംകുളം, ചങ്ങനാശ്ശേരി കോടതികളില്‍ ചെക്ക് കേസുകളും നിലവിലുണ്ട്.