09 May 2024 Thursday

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം കേന്ദ്രം അനുമതി നൽകിയില്ലല്ല;യാത്ര റദ്ദാക്കേണ്ടിവരും

ckmnews


തിരുവനന്തപുരം:അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല. നാലു ദിവസത്തെ സന്ദർശനത്തിനായി അടുത്ത മാസം ഏഴിന് അബുദാബിയിലേക്ക് പോകാനാണ് കഴിഞ്ഞമാസം കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയത്. അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.

യുഎഇ സർക്കാ‍രിന്റെ പ്രത്യേക ക്ഷ‍ണ പ്രകാരമാണ് അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളിലും പങ്കെടുക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 8 മുതൽ 10 വരെ അബുദാബി നാഷനൽ എക്സ്ബി‍ഷൻ സെന്ററിലാണ് നിക്ഷേപക സംഗമം. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി‍യാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ അടുത്ത മാസം 7 ന് വൈകിട്ട് 7 മണിക്ക് നാഷനൽ തിയറ്ററിൽ നടത്തുന്ന പരിപാടിയിലും 10 നു ദുബായിലെ പരിപാടിയിലും മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനും തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി.രാജീവ്, പൊതുമാരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി തുടങ്ങി ഒൻപതംഗ സംഘമാണ് യുഎഇ സന്ദര്‍ശിക്കാൻ തീരുമാനിച്ചത്. സാധാരണയായി വേഗത്തിൽ അനുമതി ലഭിക്കുമെന്ന് സർക്കാർ കേന്ദ്രങ്ങൾ പറഞ്ഞു. അനുമതി ലഭിച്ചില്ലെങ്കിൽ സന്ദർശനം റദ്ദാക്കേണ്ടിവരും.