09 May 2024 Thursday

പി.ടി ഉഷയുടെ പ്രസ്താവന അപലപനീയം, ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക: മന്ത്രി വീണാ ജോര്‍ജ്

ckmnews


ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്, കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രം. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്. അങ്ങനെയാണ് നാം രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരായ പരാമർശത്തിൽ പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂർ, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി.

രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷക്കെതിരെ ഗുസ്തി താരങ്ങളും രംഗത്തുവന്നിരുന്നു. വനിത താരമായിട്ടും തങ്ങളെ കേൾക്കാൻ പി ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല,സമാധാനപരമായി പ്രതിഷേധിക്കുന്നു.സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി ടി ഉഷ.മൂന്ന് മാസമായി നീതിക്കായി പോരാടുന്നു എന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കി. എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.