27 April 2024 Saturday

പത്തു വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററി:അരിക്കൊമ്പന്റെ നീക്കങ്ങൾ അറിയാൻ അഞ്ചു ലക്ഷത്തിന്റെ കോളർ

ckmnews

പത്തു വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററി:അരിക്കൊമ്പന്റെ നീക്കങ്ങൾ അറിയാൻ അഞ്ചു ലക്ഷത്തിന്റെ കോളർ


ചിന്നക്കനാൽ:പിടിയിലായാൽ അരിക്കൊമ്പന്റെ കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ധരിപ്പിക്കും. ആനയുടെ നീക്കങ്ങൾ അറിയാനുള്ള സംവിധാനമാണു റേഡിയോ കോളർ. രാജ്യാന്തര സംഘടനയായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ കോളർ അസമിലെ വനം വകുപ്പിൽ നിന്നാണ് കേരള വനം വകുപ്പ് വാങ്ങിയത്. നീളമുള്ള ബെൽറ്റ് പോലെയുള്ള റേഡിയോ കോളറിന് അഞ്ചു ലക്ഷം രൂപയാണു വില.


പത്തു വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. കേരളത്തിലെ വനം വകുപ്പിന്റെ പക്കലുള്ള ജിഎസ്എം റേഡിയോ കോളർ മൊബൈൽ നെറ്റ്‌വർക് ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കില്ല. അതിനാലാണ് സാറ്റലൈറ്റ് റേഡിയോ കോളർ എത്തിച്ചത്. സാറ്റലൈറ്റ് ഫോണിന് സമാനമായി പ്രവർത്തിക്കുന്ന കോളറാണിത്.


മൊബൈൽ ടവറിന്റെ സഹായമില്ലാതെ വിവരങ്ങൾ കൈമാറാനാകും. ആന സാറ്റലൈറ്റ് പരിധിയിൽ എവിടെയാണെങ്കിലും വിവരം കൈമാറാനും സാധിക്കും. വനംവകുപ്പ് ഓഫിസിൽ പ്രത്യേകം തയാറാക്കിയ യൂണിറ്റിലാണ് ആന എവിടെയെന്ന സൂചന ലഭിക്കുക. ഇക്കാര്യം ആളുകളെ അറിയിക്കാനും മുന്നറിയിപ്പ് നൽകാനും സാധിക്കും.