09 May 2024 Thursday

റേഷൻ ഇ പോസ് വീണ്ടും തകരാറിൽ; വ്യാപാരികൾ കടയടച്ചു സമരം നടത്തി

ckmnews

റേഷൻ ഇ പോസ് വീണ്ടും തകരാറിൽ; വ്യാപാരികൾ കടയടച്ചു സമരം നടത്തി


തിരുവനന്തപുരം:സർവർ തകരാർ കാരണം തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് റേഷൻ വിതരണത്തിന്റെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം സ്തംഭിച്ചതോടെ റേഷൻ വ്യാപാരികൾ മിന്നൽ കടയടപ്പു സമരം നടത്തി. സമരം അടുത്ത ദിവസങ്ങളിലും തുടരുമെന്നാണു സൂചന. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് സർവർ തകരാറിലായത്. തുടർന്നു റേഷൻ വ്യാപാരികളുടെ വിവിധ സംഘടനാ നേതാക്കൾ കൂടിയാലോചന നടത്തി സമരം പ്രഖ്യാപിച്ച് ഉച്ചയോടെ കടകൾ അടച്ചു.

തിങ്കളാഴ്ച രാവിലെ രണ്ടര മണിക്കൂർ മാത്രം പ്രവർത്തിച്ച ശേഷം ഇ പോസ് തകരാറിലായിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് തേവൻകോടിൽ റേഷൻ കടയി‍ൽ നിന്ന് റേഷൻ ലഭിക്കാതിരുന്ന കാർഡ് ഉടമ കടയിലെ സെയിൽസ്ഗേൾ ആയ സുനിതയെ മർദിച്ചിരുന്നു. സർവർ തകരാറാണെന്നു വിശദീകരിച്ചിട്ടും മർദിക്കുകയായിരുന്നുവെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. ഇതും സമരം പ്രഖ്യാപിക്കാൻ കാരണമായി. പരിഹാര നടപടികൾ സ്വീകരിക്കാനോ പ്രതികരിക്കാനോ മന്ത്രിയും ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും ഇതു വരെ തയാറായിട്ടില്ല. 



സർവർ തകരാർ കാരണം രണ്ടു ദിവസങ്ങളിലായി രണ്ടു ലക്ഷം പേർക്കു മാത്രമാണു റേഷൻ വിതരണം ചെയ്യാനായത്. 10 ലക്ഷം പേർക്കെങ്കിലും റേഷൻ ലഭിക്കാതെ പോയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 1.61 ലക്ഷം ഇടപാടുകൾ ഇ പോസിൽ നടന്നെങ്കിൽ ഇന്നലെ അത് 84,891 എണ്ണം മാത്രമാണ്. പ്രതിദിനം 4 മുതൽ 5 ലക്ഷം വരെ ഇടപാടുകൾ നടക്കുന്ന സ്ഥാനത്താണിത്. ഏപ്രിൽ മാസത്തെ റേഷൻ വിതരണത്തിനു നാലു ദിനം മാത്രം ശേഷിക്കെ ആകെ ഉള്ള 93.53 ലക്ഷം കാർഡ് ഉടമകളിൽ 42.36 ലക്ഷം പേർ (45.29%) മാത്രമാണ് റേഷൻ വാങ്ങിയിട്ടുള്ളത്. 


റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ക്യാംപുകൾ സംഘടിപ്പിച്ച് അറ്റകുറ്റപ്പണികൾ സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്നത് വെറും പ്രഹസനമാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ആരോപിച്ചു. രണ്ടു വർഷത്തിലേറെയായിട്ടും കേന്ദ്രീകൃത സർവറിലെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാതെ റേഷൻ വ്യാപാരികളുടെ പഴിചാരുകയാണെന്നും ജോൺസൺ കുറ്റപ്പെടുത്തി.