09 May 2024 Thursday

മോദിയുടെ വരവോടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി; പ്രതീക്ഷ യുവാക്കളിൽ

ckmnews

മോദിയുടെ വരവോടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി; പ്രതീക്ഷ യുവാക്കളിൽ


തിരുവനന്തപുരം:തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമാകും. വികസന മുദ്രാവാക്യമുയര്‍ത്തി ന്യൂനപക്ഷങ്ങളിലെയടക്കം യുവാക്കളെ പാര്‍ട്ടിയോടുപ്പിക്കുകയാണ് ലക്ഷ്യം. യുവാക്കളോടു പ്രധാനമന്ത്രി സംവദിക്കുന്ന യുവം പരിപാടിക്ക് തുടര്‍ച്ചയായി വരും മാസങ്ങളില്‍ കൂടുതല്‍ പരിപാടികൾ സംഘടിപ്പിക്കും.

യുവാക്കളാണ് ബിജെപിയുടെ പ്രതീക്ഷ. യുവം സംവാദ പരിപാടിക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ 3,200 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. വികസനം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ന്യൂനപക്ഷങ്ങളിലെയടക്കം യുവാക്കളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.



വരുന്ന മാസങ്ങളില്‍ അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തെത്തും. എല്ലാ ജില്ലകളിലും യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ പരിപാടികളും ലക്ഷ്യമിടുന്നുണ്ട്. ‘എ പ്ലസ്’ ആയി കാണുന്ന തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ കേന്ദ്ര ബിജെപിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍.


കൂടുതല്‍ വോട്ടു നേടിയതിന്‍റെ കണക്കല്ല, വിജയിച്ച സീറ്റുകളുടെ എണ്ണമാണ് വേണ്ടതെന്നു സംസ്ഥാന ബിജെപിയോടു കേന്ദ്ര നേതാക്കള്‍ പറയാന്‍ തുടങ്ങിയിട്ടു കാലമേറെയായി. ഇത്തവണ പ്രധാനമന്ത്രിതന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു വളരെ മുന്‍പേ കേരളത്തിന്റെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ സംസ്ഥാനത്ത് താമസിച്ച് നിലമൊരുക്കുന്നുണ്ടായിരുന്നു. ക്രൈസ്തവ നേതാക്കളെയടക്കം കണ്ടത് ഇതിന്റെ ഭാഗമാണ്.