09 May 2024 Thursday

കിണറ്റിൽ വീണ കരടി ചത്ത സംഭവം; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനം വകുപ്പ് മന്ത്രി

ckmnews


തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാദൗത്യത്തിനിടെ ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തില്‍ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ലഭിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പറയാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപത്തിന്‍റെ ഗൗരവം അനുസരിച്ച് നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ വിഷയം അടഞ്ഞ അധ്യായമാകുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.