09 May 2024 Thursday

എഐ ക്യാമറയും പുതിയ ലൈസൻസ് കാർഡും പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന പദ്ധതികൾ: മുഖ്യമന്ത്രി

ckmnews



തിരുവനന്തപുരം: സുഗമമായ സഞ്ചാരത്തിനും നിയമ ലംഘനം കണ്ടെത്തുന്നതിനും ആധുനിക സങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ - സംസ്ഥാന പാതകൾക്ക് പുറമെ മറ്റ് പാതകളിൽ കൂടി ക്യാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ തോതിൽ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എഐ ക്യാമറയും പുതിയ ഡിജിറ്റൽ ലൈസൻസുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന പുതിയ പി. വി.സി  പെറ്റജി കാർഡ് ഡ്രൈവിംഗ് ലൈസൻസ്, എ ഐ സേഫ്റ്റി ക്യാമറകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിരവധി പേർക്കാണ് ദിവസവും റോഡുകളിൽ ജീവൻ നഷ്ടമാകുന്നത്. നാട്ടിൽ റോഡപകടത്തിലൂടെ ആരുടെയും ജീവൻ നഷ്ടപ്പെടാതിരിക്കുക, ശാരീരിക അവശതയിലേക്ക് എത്താതിരിക്കുക, തീരാദുഖത്തിൽ നിന്നുള്ള മോചനവും ലക്ഷ്യമിട്ടാണ് സേഫ് കേരള ലക്ഷ്യമിടുന്നത്. 85 സ്ക്വോഡുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സേഫ് കേരള പദ്ധതി ആവിഷ്കരിച്ച ശേഷം റോഡപകടം മൂലം മരണം ചെറിയ തോതിൽ കുറഞ്ഞു. പൊതുനിരത്തിൽ ട്രാഫിക് ലംഘനം പരിശോധിക്കാനും തടയാനും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തുന്നുണ്ട്. ചില ഘട്ടത്തിൽ ഇവ ജനത്തിന് ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. അതിന്റെ ഭാഗമായി പരാതികൾ ഉയർന്നു. ഇത്തരം സാഹചര്യത്തിൽ സഞ്ചാരം സുഗമമാക്കാൻ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിർമ്മിത ബുദ്ധി ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗത മന്ത്രിയും ചടങ്ങിൽ പറഞ്ഞു. മെയ് 19 വരെ പിഴയീടാക്കില്ല. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ല. നിയമം പാലിക്കുന്നവർ പേടിക്കേണ്ടതില്ല. നിയമം തെറ്റിച്ചാൽ ഫോണിൽ സന്ദേശമെത്തും. ഡിജിറ്റൽ ലൈസൻസിലേക്ക് മാറ്റാൻ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1500 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരും. റോഡുകൾ നല്ല നിലവാരത്തിലായതിനാൽ വേഗത്തിന്റെ കാര്യത്തിൽ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.