09 May 2024 Thursday

‘ഓരോന്ന് എടുക്കട്ടേ? തട്ടിപ്പ്, സൂക്ഷിക്കണേ’: മുന്നറിയിപ്പുമായി കേരള പൊലീസ്

ckmnews

‘ഓരോന്ന് എടുക്കട്ടേ? തട്ടിപ്പ്, സൂക്ഷിക്കണേ’: മുന്നറിയിപ്പുമായി കേരള പൊലീസ്


തിരുവനന്തപുരം∙ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി കേരള പൊലീസിന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍സിഡി ടിവികൾ, വാഷിങ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാര വിലയ്ക്ക് ഓൺലൈൻ വിൽപനയ്ക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ആ കെണിയില്‍ ചാടരുതെന്നുമാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. 


ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ‘Fans’ അല്ലെങ്കിൽ ‘Club’ എന്ന രീതിയിലായിരിക്കും ഇവരുടെ സമൂഹമാധ്യമ പേജുകൾ. ഓൺലൈൻ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ. ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യുന്നവരെ മത്സരത്തിൽ തിരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം നൽകുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു– പൊലീസ് അറിയിച്ചു.