09 May 2024 Thursday

മടക്കയാത്രയ്ക്ക് 10 മിനിറ്റ് അധികം; പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത്

ckmnews

മടക്കയാത്രയ്ക്ക് 10 മിനിറ്റ് അധികം; പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത്


തിരുവനന്തപുരം:പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. ഉച്ചയ്ക്ക് 2.10ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട ട്രെയിൻ 7 മണിക്കൂർ 20 മിനിറ്റ് കൊണ്ടാണ് തിരിച്ചെത്തിയത്. മടക്കയാത്രയ്ക്ക് 10 മിനിറ്റ് അധികം സമയമെടുത്തു. 7 മണിക്കൂർ 20 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയത്. പരീക്ഷണയോട്ടം വിജയകരമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയ നേട്ടത്തോടെയാണ് വന്ദേഭാരത് കണ്ണൂരിലെത്തിയത്. രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ആരംഭിച്ച പരീക്ഷണ ഓട്ടം ഉച്ചയ്ക്ക് 12.20ഓടെയാണ് പൂര്‍ത്തിയാക്കിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിൽ ട്രെയിന്‍ നിര്‍ത്തിയിരുന്നു.



തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്ന് 5.10ന് യാത്ര തുടങ്ങിയ വന്ദേഭാരത് 5.59ന് കൊല്ലത്തെത്തി. 49 മിനിറ്റ് സമയം. കോട്ടയം തൊട്ടത് 7.27ന്. 2 മണിക്കൂര്‍ 17 മിനിറ്റ് സമയത്തിനുളളിലാണ് കോട്ടയം കടന്നത്. എറണാകുളം എത്താന്‍ 3 മണിക്കൂര്‍ 18 മിനിറ്റും കോഴിക്കോട് കടക്കാന്‍ ആറു മണിക്കൂര്‍ എട്ട് മിനിറ്റുമാണ് വേണ്ടി വന്നത്. 


തിരുവനന്തപുരം– കണ്ണൂര്‍ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താന്‍ 2 മണിക്കൂര്‍ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താന്‍ 4 മണിക്കൂര്‍ 10 മിനിറ്റും കോഴിക്കോട് എത്താന്‍ 7 മണിക്കൂര്‍ 50 മിനിറ്റും വേണം.