26 April 2024 Friday

എടുത്തോണ്ട് പോടാ..!’; മദ്യലഹരിയില്‍ വയോധികയോട് ധർമടം എസ്എച്ച്ഒയുടെ ആക്രോശം'സസ്പെൻഷൻ

ckmnews



കണ്ണൂര്‍∙ മകനെ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന വയോധികയായ അമ്മയ്ക്കുനേരെ ധര്‍മടം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ആക്രോശം. വയോധികയെ അസഭ്യം പറയുകയും ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തെന്ന് പരാതി. അമ്മയെ എസ്എച്ച്‌ഒ തള്ളിയിട്ടെന്നും കുടുംബം ആരോപിക്കുന്നു. ധര്‍മടം സ്റ്റേഷനിലെ എസ്എച്ച്ഒ കെ.സ്മിതേഷിനെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് മകനായ അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സ്മിതേഷിനെ സസ്പെൻഡ് ചെയ്തു.


അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കാനാണ് അമ്മയും സഹോദരനും സ്റ്റേഷനിൽ എത്തിയത്. എസ്എച്ച്ഒ ടീഷർട്ടും മുണ്ടും ധരിച്ച് മഫ്തിയിൽ ആയിരുന്നു. ‘എടുത്തോണ്ട് പോടാ’യെന്ന് ആക്രോശിക്കുന്നത് വിഡിയോയിൽ കേൾക്കാം. നിലത്തിരുന്ന അമ്മയെ എഴുന്നേൽപ്പിക്കാനുള്ള പൊലീസുകാരുടെ ശ്രമത്തിനിടെ അമ്മ ഹൃദ്രോഗിയാണെന്ന് മകൻ വിളിച്ചുപറയുന്നുണ്ട്. ‘എണീറ്റു പോകൂ’ എന്നാണ് സ്മിതേഷ് ആവശ്യപ്പെടുന്ന‌ത്. അമ്മയെ എന്തിനാണ് ചീത്ത വിളിക്കുന്നതെന്ന് മകൻ ചോദിക്കുന്നുണ്ട്. പലപ്പോഴും ആക്രോശിച്ചുകൊണ്ട് ‘എണീറ്റു പോകൂ’ എന്നാണ് സ്മിതേഷ് മറുപടി നൽകുന്നത്.



വയ്യാത്ത സ്ത്രീയാണെന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സ്മിതേഷിനോട് സ്റ്റേഷനിലെ വനിതാ പൊലീസുകാർ പറയുന്നതും വിഡിയോയിൽ കേൾക്കാം. സ്മിതേഷ് മദ്യപിച്ചിരുന്നെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചും സ്മിതേഷിനെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് വിവരം