09 May 2024 Thursday

യുപിഐ ഇടപാട്: അക്കൗണ്ട് മരവിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍; ആശങ്കയേറുന്നു

ckmnews

യുപിഐ ഇടപാട്: അക്കൗണ്ട് മരവിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍; ആശങ്കയേറുന്നു


കൊച്ചി:യുപിഐ ഇടപാടിനുശേഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത്.ആലുവ മുപ്പത്തടത്തെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയും പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും ഗുജറാത്ത് സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നുവെന്നാണ് ആവര്‍ത്തിച്ചുള്ള വിശദീകരണം. ‌ഇടപാടുകാര്‍ ആശങ്കയില്‍ തുടരുമ്പോഴും പ്രശ്നത്തില്‍ ഇടപെടുന്നതില്‍ ബാങ്കുകളും നിസഹായരാണ്.


സമീപവാസി സാധനങ്ങള്‍ വാങ്ങി പണമിടപാട് നടത്തിയതിന് പിന്നാലെയാണ് മുപ്പത്തടത്തെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിച്ചത്. പണമിടപാട് നടത്താന്‍ കഴിയാതെ വന്നതോടെ കടയുടമ അന്വേഷണവുമായി ബാങ്കിലെത്തി. ഡിജിറ്റല്‍ പണമിടപാട് തട്ടിപ്പുകള്‍ തടയുന്നതിനുള്ള നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍, പൊലീസ് എന്നിവര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ബാങ്ക് വിശദീകരിച്ചു.



സ്ഥലത്തെ ഹോട്ടല്‍ ഉടമയ്ക്കും ഇതേ ഹോട്ടലുമായി പണമിടപാടു നടത്തിയ കോഴിക്കച്ചവടക്കാര്‍ക്കും സമാനമായ അനുഭവം ഉണ്ടായത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് െചയ്തിരുന്നു. ഇതിനിെട ഗുജറാത്ത് സൈബര്‍ പൊലീസില്‍ ഇ മെയിലിലും ഫോണിലും ബന്ധപ്പെട്ടിട്ടും മറുപടിയില്ലെന്നും സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ആരോപിക്കുന്നു. മുപ്പത്തടത്തെ വ്യാപാരികളുമായി പണമിടപാടുകള്‍ നടത്തിയ പല ആളുകളുടെയും അക്കൗണ്ടുകള്‍ സമാനമായി മരവിച്ചതായാണ് വിവരം.